കൊല്ലം ശാസ്താംകോട്ട ഡി.ബി കോളജിലെ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ച പശ്ചാത്തലത്തില്‍ കൊല്ലം റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. കേരള പൊലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാന ലംഘനത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. അതേസമയം മതപരമായ ചടങ്ങുകള്‍ക്ക് വിലക്കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആക്രമണങ്ങളും, പ്രകോപനപരമായ മുദ്രാവാക്യം വിളികളും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്ന സാഹചര്യം ഉണ്ടായേക്കും എന്നതും പരിഗണിച്ചാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് എസ്.പി കെ ബി രവി പറഞ്ഞു.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷമോ പൊതുമുതല്‍ നശിപ്പിക്കലോ സംഭവിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ആയിരുന്നു ഡി.ബി കോളജില്‍ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായത്. കെഎസ്യു-എസ്ഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇത് പിന്നീട് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം നടന്നു. വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ അടക്കം പരിക്കേറ്റ് ചികിത്സയിലാണ്. സ്ഥിതിഗതികള്‍ വഷളായതോടെയാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.
Discussion about this post