കോട്ടയം : ബൈക്ക് അപകടത്തിൽപ്പെട്ട് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കോട്ടയം വെള്ളൂപറമ്പിൽ വച്ചാണ് അപകടം ഉണ്ടായത്. നട്ടാശ്ശേരി സ്വദേശിയായ അക്ഷയ് കുമാർ എന്ന 21 വയസ്സുകാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ട ഇരുവരും. വോട്ട് ചെയ്യാനായി കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയതായിരുന്നു ഇവർ. വെള്ളൂപറമ്പിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്ക് പറ്റിയിട്ടുള്ള റോസ് മോഹനനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.








