നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമത്വപൂർണമായ ഒരു ലോകമെന്ന ആശയമാണ് വ്രതം മുന്നോട്ട് വെക്കുന്നത്. വ്രതാനുഷ്ഠാനങ്ങൾ മുഖ്യമായും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നതാണെന്നും ഫേസ്ബുക്കിൽ എം എ ബേബി കുറിച്ചു.
വിശപ്പ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇസ്ലാം പിന്തുടരുന്ന വ്രതം. സാമൂഹിക സാമ്പത്തിക അസമത്വം സൃഷ്ടിച്ച അതിദുസ്സഹ സാഹചര്യങ്ങൾ പട്ടിണിക്കിട്ട ലോകത്തെ കോടിക്കണക്കിന് മനഷ്യരെയാണ് വ്രതകാലത്ത് നോമ്പെടുക്കുന്നവരെ ഓർമിപ്പിക്കുന്നത്. ഒരു അനുഷ്ഠാനത്തിന്റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരെക്കുറിച്ച് ചിന്തിക്കാൻ ഈ വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ വിശ്വാസികളെ പ്രേരിപ്പിക്കുന്നുവെന്ന് എം എ ബേബി പറയുന്നു.
ചുറ്റുവട്ടങ്ങളിൽ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുചോദിച്ച് ഉറപ്പാക്കിയ ശേഷമെ നിങ്ങൾ ഭക്ഷണം കഴിക്കാവു എന്നാണ് നബി തിരുമേനിയുടെ പാഠം. അതൊരുതരത്തിൽ സമത്വപൂർണമായ സമൂഹത്തെ കുറിച്ചുള്ള സങ്കൽപമാണ് മനുഷ്യന് പകർന്ന് നൽകുന്നത്. ഉള്ളത് എല്ലാവരും പങ്കിട്ട് കഴിക്കണം. സക്കാത്ത് വ്രതത്തിന്റെ അവിഭാജ്യ ഘടകമായതും അതുകാരണമാണെന്നും എം എ ബേബി വിശദീകരിക്കുന്നു.
ഇന്ത്യൻ ഇതിഹാസത്തിലെ അക്ഷയപാത്രമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭൂമിയെയാവാമെന്നും എം എ ബേബി പറയുന്നു. ജീവലോകത്തിന്റെ അടിസ്ഥാനപ്രശ്നമാണ് വിശപ്പ്. ആ വിശപ്പിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്റെ നാളുകളെന്ന് എം എ ബേബി വിശദീകരിക്കുന്നു.
അനിയന്ത്രിതമായി ഭക്ഷണം കഴിച്ച്, ഭക്ഷണത്തെ ജീവിതത്തിന്റെ അമിതമായ ഒരു ആനന്ദമാർഗമായികാണുന്നവർക്ക് ഈ വ്രതാനുഷ്ഠാന നാളുകളിൽ ശരീരത്തിന്റെ അശുദ്ധിയും വൃഥാസ്ഥൂലതയും കുറഞ്ഞ് കിട്ടുമെന്ന മറ്റൊരുവശവുമുണ്ട്. ഇ.എം.എസിന്റെയും പി.കൃഷ്ണപിള്ളയുടെയും എൻ.സി. ശേഖറിന്റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തിൽ പൊന്നാനി ഭാഗങ്ങളിൽ തൊഴിലാളി സംഘടന പ്രവർത്തനങ്ങൾ വളർന്നുവരുന്ന കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യവും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
‘‘ജോലി വിയർപ്പുകൾ വറ്റും മുന്നേ
കൂലി കൊടുക്കണമെന്നരുൾ ചെയ്തോൻ
കൊല്ലാക്കൊലയെ എതിർക്കുന്നു നബി
സല്ലല്ലാഹു അലൈഹിവസല്ലം. ” (മുദ്രാവാക്യം)
Discussion about this post