കൊച്ചി: മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കേരള ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്ബിയുടെ ആരോപണം.
മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇ ഡി വ്യക്തമാക്കി. തുടർന്ന് അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും മുൻ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിഷേധാത്മകമായ സമീപനമായിരുന്നു തോമസ് ഐസക്ക് പുലർത്തിയിരുന്നത്. കിഫ്ബിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ, ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകാനുള്ള തോമസ് ഐസക്കിന്റെ ശ്രമങ്ങൾ ഇനി വിലപ്പോയേക്കില്ല.
കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് തോമസ് ഐസക്കിനോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post