ന്യൂഡൽഹി: അമ്മയോടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്നേഹവും കരുതലും സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകളായിട്ടുളളതാണ് എന്നാൽ 72 ാം ജൻമദിനത്തിൽ അമ്മ ഹീരാബെന്നിനെക്കുറിച്ചുളള മോദിയുടെ വാക്കുകൾ ഒരിക്കൽകൂടി സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. സാധാരണയായി ജന്മദിനത്തിൽ അമ്മയെ സന്ദർശിക്കാറുളള കാര്യമാണ് പ്രധാനമന്ത്രി ഓർത്തെടുത്തത്.
ഇന്നലെ ജന്മദിനമായിരുന്നെങ്കിലും നാല് പ്രധാന പരിപാടികളിൽ വ്യാപൃതനായിരുന്നു പ്രധാനമന്ത്രി. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു ഇന്ത്യയിൽ വംശനാശം നേരിട്ട ചീറ്റപ്പുലികളെ തിരിച്ചെത്തിച്ച് മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പുനരധിവസിപ്പിക്കുന്ന ചടങ്ങ്. ഇതിന് പിന്നാലെ ഷിയോപൂരിൽ നടന്ന വനിതാ സ്വയം സഹായ സംഘങ്ങളുടെ പരിപാടിയിലാണ് അമ്മയുടെ കാര്യം അദ്ദേഹം പറഞ്ഞത്.
‘സാധാരണ എല്ലാ ജൻമദിനത്തിലും ഞാൻ അമ്മയെ സന്ദർശിക്കാറുണ്ട്. എന്നാൽ ഇത്തവണ അത് നടന്നില്ല. പക്ഷെ ഇവിടുത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെയും അമ്മമാരുടെയും അനുഗ്രഹം ഇന്ന് എനിക്കുണ്ട്.’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അമ്മയെക്കുറിച്ചുളള പ്രധാനമന്ത്രിയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി. മാതാ പിതാ ഗുരോ ദൈവം എന്ന ഭാരതീയ സങ്കൽപത്തിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും അഭിപ്രായമുയർന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ രാജ്യത്ത് സ്ത്രീകളുടെ പ്രാതിനിധ്യത്തിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമസഭകൾ മുതൽ ഇന്ന് രാഷ്ട്രപതി ഭവനിൽ വരെ വനിതകൾ എത്തിയതായി അദ്ദേഹം സൂചിപ്പിച്ചു. ഗ്രാമങ്ങളിലെ സാമ്പത്തിക രംഗത്ത് വനിതാശാക്തീകരണം നടപ്പാക്കാൻ തന്റെ സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം തുടർന്ന് ചൂണ്ടിക്കാട്ടി.
Discussion about this post