ന്യൂഡൽഹി; പുതുവത്സരദിനരാത്രിയിൽ ഡൽഹിയിലുണ്ടായ അപകടത്തിൽ 20 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 11 പോലീസുകാരെ സസ്പെൻഡ് ചെയ്തു. പിസിആർ വാനുകളിലും പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
സ്പെഷൽ കമ്മീഷണർ ശാലിനി സിംഗിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ഇടിച്ചിട്ട ശേഷം സുൽത്താൻപുരിയിൽ നിന്നും കാഞ്ചവാല വരെ 12 കിലോമീറ്റർ ദൂരം വലിച്ചുകൊണ്ടു വരികയായിരുന്നു. ഈ പാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യാൻ ആഭ്യന്തരമന്ത്രാലയം ഡൽഹി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
സംഭവത്തിൽ പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ സഞ്ചരിച്ച കാറാണ് അഞ്ജലിയെ ഇടിച്ചിട്ടത്. മൂന്ന് പിസിആർ വാനുകളും രണ്ട് പോലീസ് പിക്കറ്റുകളുമാണ് ഈ പാതയിൽ ഉണ്ടായിരുന്നത്. എന്നിട്ടും അപകടം ശ്രദ്ധയിൽ പെടാതിരുന്നത് ഗുരുതര കൃത്യവിലോപമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഇവർ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന മേലുദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കും. ഇതിനും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചനയുണ്ട്.
ശരീരത്തിൽ വസ്ത്രങ്ങൾ പോലും ഇല്ലാത്ത നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ട് അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും കേസിന്റെ പുരോഗതി അറിയിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
വെളിച്ചക്കുറവുളള നഗരത്തിലെ റോഡുകളിൽ ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കാനും സിസിടിവികൾ സ്ഥാപിക്കാനും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post