കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.
Discussion about this post