കൊച്ചി :മാളികപ്പുറത്തിൻറെ മാസ്മരിക വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമായ ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിലെ നായകൻ കൂടിയായ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സാമൂഹ്യ മാദ്ധ്യമം വഴി അറിയിച്ചത്. മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കും ഗന്ധർവ്വ ജൂനിയർ.40കോടിയാണ് സിനിമയുടെ ബജറ്റ്.
സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ആദ്യ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഫാന്റസിയും ഹാസ്യവും കലര്‍ന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയറെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, സംഗീതം -ജേക്സ് ബിജോയ്, എഡിറ്റിംഗ് -അപ്പു ഭട്ടതിരി. ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Discussion about this post