ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയ്ക്ക് സമീപം 300 ഭീകരര്‍ താവളമടിച്ചിരിക്കുന്നതായി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന് അറിയിച്ചു. ശ്രീനഗര്‍ 15 കോപ്സ് ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ ലഫ്: ജനറല്‍ സതീഷ് ദുവ ആണ് ഇക്കാര്യം അറിയിച്ചത്.
നുഴഞ്ഞു കയറ്റം കുറഞ്ഞതായി കരുതുന്നില്ല. ലഭിക്കുന്ന സൂചനകളും വിവരങ്ങളും അനുസരിച്ച് 300 ലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയാറായി അതിര്‍ത്തിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നുഴഞ്ഞു കയറാന്‍ അവര്‍ക്കുമേല്‍ വലിയ സമ്മര്‍ദം ഉണ്ട്. ഇന്ത്യന്‍ സുരക്ഷാ സൈന്യത്തിന്റെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ സാധിക്കാത്തത്-അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു ശക്തമായ വെടിവയ്പ്പ് ഉണ്ടായി. കശ്മീരിലെ ഗുറെസ് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. മോര്‍ട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ഇന്നലെ ഉച്ചയ്ക്കു 12.30നു പാക്ക് സൈന്യം തുടങ്ങിയ ആക്രമണം രണ്ടുമണി വരെ നീണ്ടു. ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടി നല്കി.
പാകിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുണ്ട്. ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കാനാണ് വെടിനിര്‍ത്തല്‍ ലംഘനമെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
Discussion about this post