സിഡ്നി : ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു. 32 കാരനായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ ക്ലീനറെ കുത്തിപ്പരിക്കേൽപ്പിക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാൾക്ക് നേരെ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
കഴിഞ്ഞ ദിവസം സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓബർൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 28 കാരനായ ക്ലീനറെ അഹമ്മദ് കത്തി കൊണ്ട് ആക്രമിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിവരം അറിഞ്ഞെത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അഹമ്മദിന് നേരെ വെടിയുതിർത്തു. രണ്ട് വെടിയുണ്ടകൾ അഹമ്മദിന്റെ നെഞ്ചിലാണ് കൊണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രിഡ്ജിംഗ് വിസയിൽ ഓസ്ട്രേലിയയിൽ താമസിക്കുകയായിരുന്നു അഹമ്മദ്.
Discussion about this post