എത്ര മനസിലാക്കിയാലും പിടികിട്ടാത്ത സംഗതിയാണ് സ്ത്രീകളുടെ മനസ്സെന്ന് കളിയാക്കിയും അല്ലാതെയുമൊക്കെ ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര് പറയാറുണ്ട്. മനസ്സിന്റെ കാര്യം അവിടെ നില്ക്കട്ടെ. സ്ത്രീ ശരീരത്തെ കുറിച്ചുള്ള ചില അത്ഭുതകരമായ വസ്തുതകള്‍ സ്ത്രീകള്‍ പോലും മനസിലാക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ ഗ്രേയുടെ പ്രശസ്തമായ ‘ Men Are from Mars, Women Are from Venus’ എന്ന പുസ്തകത്തിന്റെ പേര് തന്നെ സ്ത്രീയും പുരുഷനും ശാരീരികവും മാനസികവും വൈകാരികവുമടക്കം എല്ലാ തലങ്ങളിലും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
സ്ത്രീ ശരീരത്തിന്റെ അധികമാരും അറിയാത്ത ചില സവിശേഷതകളറിയാം
സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ പുരുഷന്മാരേക്കാള് ശക്തമാണ്
ജനിതകമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ പുരുഷന്മാരുടേതിനേക്കാള് ശക്തമാണെന്നാണ് പറയപ്പെടുന്നത്. മൈക്രോ ആര്‍എന്‍എ ആണ് ഇതിന് കാരണം. സ്ത്രീകളുടെ എക്സ് ക്രോമസോമുകളില്‍ കാണപ്പെടുന്ന മൈക്രോആര്‍എന്‍എ സ്ത്രീകള്‍ക്ക് കൂടുതല്‍ ശക്തമായ പ്രതിരോധ വ്യവസ്ഥ നല്‍കുന്നുവെന്നാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാന്‍ കഴിവുണ്ട്
സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാനാകുമെന്നത്് പൊതുവെ നമുക്കറിവുള്ള കാര്യമാണ്. പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാനാകുമെന്നാണ് മക്ഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഒരേ രീതിയിലുള്ള വേദന സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാക്കിയ ആഘാതം പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. വേദനയുണ്ടാകുമ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് ഉത്കണ്ഠാകുലരാകുന്നതായും പഠനം പറയുന്നു.
സ്ത്രീകള്‍ക്ക് കൂടുതല്‍ നന്നായി ഗന്ധം തിരിച്ചറിയാനാകും
സ്ത്രീകളുടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള കഴിവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനത്തില്‍ 32 വ്യത്യസ്ത ഗന്ധങ്ങളില്‍ 19 എണ്ണം തിരിച്ചറിയാന്‍ പുരുഷന്മാര്ക്ക് സാധിച്ചില്ല. പക്ഷേ സ്ത്രീകള്‍ വെറും രണ്ടെണ്ണം മാത്രമേ തിരിച്ചറിയാതിരുന്നുള്ളൂ. ശരീരത്തിന്റെ ഗന്ധം തിരിച്ചറിയാനുള്ള സ്ത്രീകളുടെ ശേഷി ഇല്ലാതാക്കുക വളരെ ബുദ്ധിമുട്ടാണെന്നും എന്നാല്‍ പുരുഷന്മാരില് ഇത് വളരെ എളുപ്പമാണെന്നും ഫിലാഡല്‍ഫിയയിലെ മോണെല്‍ കെമിക്കല്‍ സെന്‍സസ് സെന്ററിലെ ബിഹേവിയറല്‍ ന്യൂറോളജിസ്റ്റായ ചാള്‍സ് വിസോകി പറയുന്നു.
സ്ത്രീകള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ കാണാനാകും
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ തിരിച്ചറിയാനാകുമെന്നാണ് പറയപ്പെടുന്നത്. നിറങ്ങളിലെ ചെറിയ വ്യതിയാനങ്ങള്‍ കൂടി സ്ത്രീകള്‍ കണ്ടെത്തും.
സ്ത്രീകള്‍ക്ക് ഓര്‍മ്മകള്‍ കൂടുതലാണ്
ചെറുപ്പകാലം മുതല്‍ക്ക് കൂടുതല്‍ വിശദമായി കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ പരിശീലിക്കപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഓര്‍മ്മകള്‍ കൂടുതലായിരിക്കുമെന്നാണ് പറയുന്നത്. ആണ്‍കുട്ടികള്‍ ചെറുപ്പകാലം മുതല്‍ക്ക് സംക്ഷിപ്തമായി കാര്യങ്ങള്‍ അപഗ്രഥിക്കാനാണ് ശീലിക്കുന്നത്.
സ്ത്രീകള്‍ ഉറക്കത്തിലും ശബ്ദങ്ങള്‍ ഒപ്പിയെടുക്കും
പരിണാമപരമായ പ്രത്യേകതകള്‍ കൊണ്ടാണിത്. ഉറങ്ങുമ്പോള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ശബ്ദങ്ങള്‍ പിടിച്ചെടുക്കുക സ്ത്രീകളാണ്.
ഇരുപതുകളില്‍ സ്ത്രീ ശരീരം മാറിക്കൊണ്ടിരിക്കുന്നു
കൗമാരത്തോടെ സ്ത്രീശരീരത്തിലെ മാറ്റങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. മുഖക്കുരു, ആര്‍ത്തവ വേദനകള്‍ അടക്കം ശാരീരികവും മാനസികവുമായി നിരവധി മാറ്റങ്ങളാണ് ഇരുപതുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്നത്. പക്ഷേ മുപ്പതുകളിലെത്തുന്നതോടെ ഇത്തരം മാറ്റങ്ങള്‍ ഏതാണ്ട് നിലയ്ക്കും.
Discussion about this post