ഏതൊരു പച്ചക്കറിയും പഴവർഗങ്ങളും പുറത്ത് നിന്ന് വാങ്ങാൻ പേടിക്കുന്ന ഒരു കാലത്ത് ആണ് നാമെല്ലാം ജീവിക്കുന്നത്. എത്ര കഴുകിയാലും പോവാത്ത അത്രയും വിഷാംശം നിറച്ചാണ് ഓരോ സാധനങ്ങളും ഇന്ന് നമ്മുടെ അടുക്കളയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും വിശ്വസിച്ച് കഴിക്കാവുന്ന ഒന്നേ ഒന്ന് നമ്മുടെ വീടുകളിലെ കുഞ്ഞ് അടുക്കള തോട്ടങ്ങളിൽ ഉണ്ടാക്കുന്ന വിഷാംശം ഒട്ടുമില്ലാത്ത പച്ചക്കറികളാണ്.
കുഞ്ഞു പച്ചക്കറി തോട്ടമുണ്ടാക്കാൻ വലിയ വലിയ നടീൽ വസ്തുക്കളുടെയോ വിത്തിന്റെയോ ഒന്നും ആവശ്യമില്ല എന്നതാണ് യഥാർത്ഥ വസ്തുത. വീട്ടിലെ അടുക്കളിലുള്ള ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ആവശ്യമായ ഒരു ചെറു പച്ചക്കറി തോട്ടമുണ്ടാക്കാൻ സാധിക്കും. എന്നാൽ, പച്ചക്കറി കൃഷിയിൽ നിന്നും അൽപ്പം വ്യത്യസ്തമായ ഒന്നാണ് മൈക്രോഗ്രീൻസ് ഫാർമിംഗ്.
ഇനി എന്താണ് മൈക്രോഗ്രീൻസ് ഫാർമിംഗ് എന്നല്ലേ..
മുളപ്പിച്ച വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്ന രീതി ഏറെ നാളുകളായി നമ്മുടെ മലയാളികൾ ഉൾപ്പെടെ ചെയ്തു വരുന്നുണ്ട്. എന്നാൽ, മുളപ്പിച്ചവയുടെ പോഷകഗുണത്തിൽ നിന്നും അൽപ്പം മുന്നിട്ട് നിൽക്കുന്ന ഒന്നാണ് മൈക്രോഗ്രീൻസ്. വിത്തുകൾ മുളപ്പിക്കാൻ വയ്ക്കുമ്പോൾ, ഈ മുളകളെ ആറോ ഏഴോ ദിവസം കൂടി വളരാൻ അനുവദിച്ചാൽ അതു മൈക്രോഗ്രീൻസായി. പോഷകഗുണത്തിന്റെ രണ്ടില പ്രായമെത്തിയ ഈ ഇത്തിരിപ്പച്ചകളുടെ സ്ഥാനം അൽപ്പം കൂടി മുകളിലാണ്. വെറ്റമിനുകൾ, ധാതുക്കൾ, മാംസ്യം എന്നിവയാൽ സമ്പന്നമായ ഇവ, ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്.
ഇത്തരം ഇത്തിരിക്കുഞ്ഞൻമാരെ വളർത്തിയെടുക്കുന്ന രീതിയാണ് മൈക്രോഗ്രീൻസ് ഫാർമിംഗ്. മണ്ണിന് പകരം വെള്ളം ഉപയോഗിക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്‌സ്. ഇനി ഹൈഡ്രോപോണിക്‌സ് വഴി മൈക്രോഗ്രീൻസ് ഫാർമിംഗ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം.
അടുക്കളയിൽ ലഭിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചും ഈ കൃഷിരീതി പരീക്ഷിക്കാം. ഇതിലൊന്നാണ് ചെറുപയർ കടല എന്നിവ. എങ്ങനെയാണ് ഇവ രണ്ടും ഹൈഡ്രോപോണിക്‌സ് ഉപയോഗിച്ച് മുളപ്പിക്കുക എന്ന് നോക്കാം…
ആദ്യം, ചെറുപയറോ കടലയോ വെള്ളത്തിൽ കുതിരാൻ ഇടാം. കുതിർന്നതിന് ശേഷം ഒരു പാത്രത്തിലാക്കി മാറ്റിവക്കുക. രണ്ടു ദിവസം ഇങ്ങനെ വച്ചാൽ, ഇത് മുളച്ചുവരുന്നത് കാണാം. മുളച്ച പയർ മറ്റൊരു പാത്രത്തിലാക്കിയതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് മുളച്ച പയർ വെക്കാം. രണ്ട്, മൂന്ന് ദിവസം കഴിയുമ്പോൾ ഇതിൽ ഇലകൾ വരാൻ തുടങ്ങും. രണ്ടില പരുവത്തിൽ എത്തുമ്പോൾ തന്നെ ഇത് ഉപയോഗിക്കാൻ എടുക്കുക. കൂടുതൽ ഇലകൾ വരുമ്പോൾ അതിന്റെ വേരുകളിൽ കയ്പ്പ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇനി കടലയും ചെറുപയറും മാത്രമല്ല, ഉലുവ, പയറുകൾ, ചിയ സീഡ്സ്, ഫ്‌ലാക്‌സ് സീഡ്സ് എന്നിവയും മൈക്രോഗ്രീൻസ് ഫാർമിംഗ് ചെയ്യാൻ സാധിക്കും.
ഇനി വീട്ടിൽ തന്നെയുള്ള വസ്തുക്കൾ കൊണ്ടു ചെറിയൊരു അടുക്കള തോട്ടവും നമുക്ക് ഉണ്ടാക്കാം..
പേപ്പറിൽ കുറച്ച് മല്ലിയെടുത്തതിന് ശേഷം അത് പൊട്ടിച്ച് എടുക്കണം. ഒരു മല്ലിയുടെ രണ്ട് ഭാഗങ്ങളിലായി, രണ്ട് വിത്തുകളാണ് ഉള്ളത്. ഇതൊരു ചട്ടിയിൽ ഇട്ടുവെച്ചാൽ മുളച്ചുവരും. അടുക്കള തോട്ടത്തിനായി ഇത് ഉപയോഗിക്കാം.
വെളുത്തുള്ളി കൃഷിയും വീട്ടിൽ തന്നെ ചെയ്യാൻ കഴിയും ഇതിനായി ആദ്യം അടുക്കളയിൽ തന്നെയുള്ള വെളുത്തുള്ളി അല്ലി എടുത്ത് നട്ടു കൊടുക്കുക. തണുപ്പ് സമയങ്ങളിൽ മാത്രമാണ് ഇത് കൂടുതൽ വളരുന്നത്. ചട്ടിയിലോ മണ്ണിലോ ഇത് വെക്കാം. ഇലകൾ വന്നതിന് ശേഷം അത് വാടി തുടങ്ങുന്ന സമയത്ത് വേണം വിളവെടുക്കാൻ. വിളവെടുത്ത് രണ്ടു മൂന്നുദിവസം ഉണക്കാൻ വെച്ചതിനുശേഷം വേണം വെളുത്തുള്ളി ഉപയോഗിക്കാൻ.
അടുക്കള കൃഷിക്ക് മികച്ച ഒരു ഓപ്ഷനാണ് ഉരുളക്കിഴങ്ങ്. ഇതിനായി ഉരുളക്കിഴങ്ങ് അൽപ്പം ദിവസം വച്ചാൽ തന്നെ മുള വരുന്നത് കാണാം. മുളച്ച ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മുറിച്ചെടുക്കാം. ഉടനെ കുഴിച്ചിട്ടാൽ വാടി പോകാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഇത് ഉണക്കാൻ വെക്കണം. ആദ്യം കുറച്ച് മണ്ണ് ഉപയോഗിച്ച് ചട്ടിയിൽ നടാവുന്നതാണ്. ചെടി വളരുന്നതിന് അനുസരിച്ച് മണ്ണ് കൂടുതൽ ഇട്ടുകൊടുക്കാം. ചെടിയിൽ പൂവ് വന്നതിനുശേഷം ചെടി ഉണങ്ങി കഴിയുമ്പോഴാണ് ഉരുളകിഴങ്ങ് എടുക്കാൻ പറ്റുന്നത്. മാർച്ച് സമയങ്ങളിലാണ് ഉരുളക്കിഴങ്ങ് വളരുന്നത്.
തക്കാളിയും ഇങ്ങനെ കൃഷി ചെയ്യാം. അിതിനായി തക്കാളിയുടെ വിത്ത എടുത്ത് ഉണക്കാൻ വക്കാം. ഉണക്കിയ വിത്തുകൾ ചട്ടിയിലിട്ട് വളർത്താവുന്നതാണ്. ഇതുപോലെ വെള്ളരി, മുളക് എന്നിവയും വളർത്തിയെടുക്കാൻ കഴിയും.
Discussion about this post