ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിൽ ഗുണ്ടാസംഘത്തലവനായ തില്ലു താജ്പുരിയയെ എതിർ ഗ്യാങ്ങിൽപെട്ടവർ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നൂറിലേറെ തവണയാണ് തില്ലുവിന്റെ ശരീരത്തിൽ കുത്തേറ്റത്. കൊലപാതകം നടന്നത് പുലർച്ചെ 6.30നാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കൊലപാതകം പൂർണമായും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേർ ചേർന്ന് തില്ലുവിന്റെ തലയിലും മുഖത്തും പുറകിലും തോളിലും കഴുത്തിലും പലതവണയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർച്ചയായി കുത്തേൽക്കുന്നതിനാൽ പ്രതിരോധിക്കാൻ പോലുമാകാത്ത സാഹചര്യത്തിലാണ് തില്ലുവിനെ കാണുന്നത്. 2021 സെപ്റ്റംബറിൽ ഡൽഹി രോഹിണി കോടതി വെടിവയ്പ്പിന്റെ മുഖ്യ സൂത്രധാരനുമാണ് കൊല്ലപ്പെട്ട തില്ലു താജ്പുരിയ. മുൻ കൂട്ടാളിയും പിന്നീട് എതിരാളിയുമായി മാറിയ ജിതേന്ദർ ഗോഗിയെയാണ് താജ്പുരിയയുടെ സംഘം കോടതിയിൽ വെടിവച്ച് കൊന്നത്.
ജിതേന്ദൻ ഗോഗിയുടെ സംഘത്തിൽ പെട്ട ദീപക്, യോഗേഷ്, രാജേഷ്, റിയാസ് ഖാൻ എന്നിവരാണ് തില്ലുവിനെ കുത്തിക്കൊല്ലുന്നത്. ഒന്നാം നിലയിലെ സെല്ലുകളിൽ പാർപ്പിച്ചിരുന്ന ഇവർ സെക്യൂരിറ്റി ഗ്രില്ലുകൾ അറുത്തുമാറ്റിയതിന് ശേഷം സ്വന്തം ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് താഴത്തെ നിലയിലേക്ക് ഇറങ്ങുകയായിരുന്നു. സംഘത്തിന്റെ ആക്രമണം താജ്പുരിയയ്ക്ക് അപ്രതീക്ഷിതമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ താജ്പുരിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൻഡോളി ജയിലിലായിരുന്ന തില്ലുവിനെ രണ്ടാഴ്ച മുൻപ് മാത്രമാണ് തിഹാറിലേക്ക് കൊണ്ടുവന്നത്.
Discussion about this post