ജയ്പൂർ: രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. ബന്ദോഭായ്, ബൻസോബായ്, ലീലാ ദേവി എന്നിവരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്കിടെ കണ്ടെടുത്തത്. പൈലറ്റ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
പരീക്ഷണ പറക്കലിനിടെ ഹനുമാൻഗഡിലായിരുന്നു അപകടം ഉണ്ടായത്. മിഗ്-21 വിമാനം ആയിരുന്നു അപകടത്തിൽപെട്ടത്. സൂറത്ത്ഗഡിൽ നിന്നുമായിരുന്നു വിമാനം പറന്നുയർന്നത്. എന്നാൽ ഹനുമാൻഗഡിലെത്തിയതോടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ പൈലറ്റ് ഒഴികെ മറ്റാരും ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ മൃതദേഹങ്ങൾ കണ്ടടെടുക്കുകയായിരുന്നു.
അപകട സ്ഥലത്ത് നിന്നും അൽപ്പം അകലെ ആയാണ് പൈലറ്റിനെ കണ്ടത്. അപകടത്തിൽ അദ്ദേഹത്തിന് നിസാര പരിക്കുകൾ ഉണ്ട്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ പ്രതികൂല കാലാവസ്ഥയോ ആണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ.
Discussion about this post