ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ തല കറങ്ങി വീണ് ആംആദ്മി നേതാവ് സത്യേന്ദർ ജെയ്ൻ. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം.
രാവിലെ പ്രഭാതകൃത്യങ്ങൾക്കായി ശുചിമുറിയിലേക്ക് പോയതായിരുന്നു അദ്ദേഹം. ഇതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ജയിലിലെ മറ്റ് അന്താവാസികളാണ് അദ്ദേഹത്തെ അവശനിലയിൽ കണ്ടത്. ഉടനെ വിവരം പോലീസുകാരെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസുകാർ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വീഴ്ചയിൽ സത്യേന്ദർ ജെയ്നിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന് ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്. നടുവിന് പുറമേ കഴുത്ത്, കാലുകൾ എന്നിവയ്ക്കും വേദനയുണ്ടെന്ന് സത്യേന്ദർ ജെയ്ൻ പറഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സത്യേന്ദർ ജെയ്നിനെ അവശനിലയിൽ കാണുന്നത്. തിഹാർ ജയിലിലെ ഏഴാം നമ്പർ ജയിലാണ് സത്യേന്ദർ ജെയ്നിനെ പാർപ്പിച്ചിരിക്കുന്നത്.
Discussion about this post