വിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ? ഓരോ വിഐപി വാഹനവും നിരത്തിൽ അപകടമുണ്ടാക്കുമ്പോഴും നിയമലംഘനം നടത്തുമ്പോഴും സാധാരണക്കാരുടെ ഉള്ളിൽ ഉയരുന്ന ചോദ്യമാണിത്. നേരിട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ പ്രതിഷേധം അറിയിക്കാത്തവരുടെ ഉള്ളിൽ വരെ ഈ രോഷം അണപ്പൊട്ടി ഒഴുകുന്നുണ്ട്. നഗര-ഗ്രാമ ഭേദമന്യേയുള്ള നിരത്തുകളിൽ മുക്കിന് മുക്കിന് ക്യാമറകൾ വെച്ചും, പരിശോധന നടത്തിയും ജനം നിയമലംഘനം നടത്തുന്നുണ്ടോ എന്ന് വെമ്പൽ കൊള്ളുന്നവരും, നിയമം പാലിക്കാൻ ആഹ്വാനം ചെയ്യുന്നവരും, പലപ്പോഴും സ്വയമത് പാലിക്കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ട്രാഫിക് നിയമങ്ങൾ വിഐപികൾക്ക് ബാധകമല്ല എന്ന രീതിയിലാണ് നിരത്തുകളിലൂടെയുള്ള അഭ്യാസങ്ങൾ.
നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാരും പരിവാരങ്ങളും നിരത്തുകളിലൂടെ ചീറിപ്പായുന്നത്.. നിരവധി സാധാരണക്കാർക്കാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങൾ തട്ടി പരിക്ക് പറ്റിയത്. മുഖ്യമന്ത്രിയുടെയും എംഎൽഎ, എംഎം മണിയുടെയും വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലേ എന്നാണ് മന്ത്രിമാരുടെ അകമ്പടിക്കായി പോകുന്ന പോലീസുകാരുടെയും വെപ്പ്. വേഗതയും. സീറ്റ് ബെൽറ്റും ഒരു വിഷയമേ അല്ല. കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടതുൾപ്പെടെ 2017 മുതൽ ഇതുവരെ 13 അപകടങ്ങളിലായി നിരവധി പേർക്കാണ് പരിക്കേറ്റത്. 2017 ൽ മന്ത്രിയായിരുന്ന കെടി ജലീലിന്റെ ഔദ്യോഗിക വാഹനമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 2018 ൽ മന്ത്രി എകെ ശശീന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. അതേ വർഷം മെയ് മാസത്തിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനവും അപകടത്തിൽപ്പെട്ടു.
മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പട്രോളിംങ് വാഹനം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ടതും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചിട്ടതും തിരുവല്ലയിൽ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് ഒരാളുടെ കാൽ തകർന്നതും ഇതേ കാലത്തായിരുന്നു. പിന്നീട് മന്ത്രി എംഎം മണിക്ക് പൈലറ്റ് പോയ പൊലീസ് വാഹനം പന്തളത്ത് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായി. മന്ത്രി എം.എം മണിക്ക് പൈലറ്റ് പോയ വാഹനം 2021 മെയിൽ ചങ്ങനാശ്ശേരിയിൽ അപകടത്തിൽപ്പെട്ടിരുന്നു. മന്ത്രിയായിരിക്കെ സി രവീന്ദ്രനാഥിൻറെ വാഹനം കൊരട്ടിയിൽ വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. 2021 ഒക്ടോബറിൽ മന്ത്രി ചിഞ്ചു റാണിയുടെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. 2021 ഡിസംബറിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ സിഐ അടക്കം 4 പേർക്ക് പരിക്കേറ്റു. മന്ത്രി വിഎൻ വാസവന്റെ കാർ 2022 ജനുവരിയിലും അപകടത്തിൽപ്പെട്ടിരുന്നു 2022 ൽ അന്ന് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ വാഹനം കണ്ണൂരിൽവെച്ചും അപകടത്തിൽപ്പെട്ടു.
നിയമലംഘനത്തിൽ റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപിമാരിൽ എംപിമാരും എംഎൽമാരുമുണ്ട്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പേരിലുള്ള എംപി ബോർഡുള്ള കാർ (കെഎൽ 14 വൈ 3636) ,എറണാകുളം എംപി ഹൈബി ഈഡന്റെ എംപി ബോർഡ് സ്ഥാപിച്ച കാർ (കെഎൽ 07 ബിഎസ് 0099), തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിന്റെ കാർ (കെഎൽ 60 ടി 1943), തമിഴ്നാട്ടിൽനിന്നുള്ള ഒരു എംഎൽഎയുടെ വാഹനം വയനാട്ടിലെത്തി നിയമലംഘനം നടത്തി., കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ (കാർ എംഎൽഎയുടെ പേരിലല്ല), മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ ബോർഡ് വച്ച വാഹനം, മാവേലിക്കരയിൽ തഹസിൽദാരുടെ ബോർഡ് വച്ച വാഹനം (വാഹനം ജില്ലാ കലക്ടറുടെ പേരിൽ), കൊട്ടാരക്കരയിൽ പോലീസ് വാഹനം (സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം). സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം. ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം. വടകര നഗരസഭ, തിരുവനന്തപുരം കോർപറേഷൻ എന്നിവയുടെ വാഹനം. എന്നിവ നിയമലംഘനം നടത്തി ക്യാമറക്കണ്ണുകളിൽ പെട്ട വിഐപി വാഹനങ്ങളിൽ ചിലത് മാത്രമാണ്.
ദിവസവും 30,000 പേർക്കാണ് എഐ ക്യാമറ വഴി പിഴയീടാക്കുന്നത്. ഈ നിയമം സാധാരണക്കാരന് മാത്രം ബാധകമാണോ അതോ വിഐപികളും പാലിക്കാൻ ബാധ്യസ്ഥരാണോ എന്നാണ് ഉയരുന്ന ചോദ്യം.
Discussion about this post