കണ്ണൂര്‍: ദൈവവിശ്വാസവും, മതവുമെല്ലാം മനുഷ്യന്റെ ഉന്നതിയ്ക്ക് തടസ്സമെന്നുള്ള കമ്മ്യൂണിസ്റ്റ് ചിന്തകള്‍ക്ക് ഈ കാവില്‍ ഊരുവിലക്കുണ്ടോ എന്നറിയില്ല. എന്തായാലും ദൈവവിശ്വാസം സംബന്ധിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ക്ക് പുതിയ വഴി തേടുകയാണ് കറ്റിയാട്ട് മുത്തപ്പന് മടപ്പുര. സിപിഎം അണികള്‍ക്ക് വേണ്ടി സിപിഎം നടത്തുന്ന മുത്തപ്പന് മടപ്പുരയെ കുറിച്ച് മാനോരമ പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
സിപിഎം കറ്റിയാട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള മടപ്പുരയില്‍ എല്ലാ വര്‍ഷവും സിപിഎം തിരുവപ്പന ഉല്‍സവം നടത്തുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോളയാട് പഞ്ചായത്തിലെ ഗോത്രവര്‍ഗ കാവുകളുടെ ഗ്രാമമായ കറ്റിയാട്ടാണ് ഈ മുത്തപ്പന് മടപ്പുര. ഇവിടെയുള്ള തറവാട്ടുദേവസ്ഥാനത്ത് നാട്ടുകാര്‍ സഹകരിച്ചു നടത്തിവന്ന ഉല്‍സവത്തിന്റെ തക്കുറിയുമായി ബന്ധപ്പെട്ടു ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണു പത്തുവര്‍ഷം മുന്‍പു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മടപ്പുര സ്ഥാരിച്ചത്.
സ്വന്തം ഭൂമി പകരം നല്‍കിയാണു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ എം. വാസു മടപ്പുരയ്ക്കായി കറ്റിയാട് ചന്തുവൈദ്യരുടെ കയ്യില്‍നിന്ന് ഒന്‍പതര സെന്റ് സ്ഥലം വാങ്ങിയത്. ഈ സ്ഥലത്ത് ഇരുവരുടെയും നേതൃത്വത്തില്‍ മടപ്പുര നിര്‍മിച്ചു സിപിഎം കറ്റിയാട് ബ്രാഞ്ച് കമ്മിറ്റിക്കു കൈമാറി. ഇപ്പോള്‍ മടപ്പുര ഭരണം പൂര്‍ണമായും നിര്‍വഹിക്കുന്നതും പാര്‍ട്ടിയാണ്. പാര്‍ട്ടി നിശ്ചയിക്കുന്ന ഒരു കമ്മിറ്റിയാണ് ഉല്‍സവം നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതിനു തൊട്ടടുത്ത് 15 സെന്റ് സ്ഥലം പാര്‍ട്ടിക്ക് സ്വന്തമായുണ്ട്. മടപ്പുര പാര്‍ട്ടിയുടേതാണെങ്കിലും പാര്‍ട്ടി കൊടികള്‍ മടപ്പുര വക സ്ഥലത്ത് സ്ഥാപിക്കാന്‍ പാടില്ലെന്നാണു തീരുമാനം. അതേസമയം ചുറ്റുമുള്ള പാര്‍ട്ടിവക ഭൂമിയില്‍ കൊടികള്‍ സ്ഥാപിക്കാറുണ്ടെന്നും വാസു പറയുന്നു.
Discussion about this post