പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്ശന് പട്നായിക്കാണ് മണലും മണ് ചിരാതും ഉപയോഗിച്ച് ബൈഡന്റെ ശില്പമുണ്ടാക്കി ഭാരതത്തിലേക്ക് സ്വാഗതം നേരുന്നത്. ഒഡിഷയിലെ പുരി കടപ്പുറത്താണ് ഒരു വേറിട്ട സ്വീകരണം യുഎസ് പ്രസിഡന്റിന് ഒരുക്കിയത്.
ആറടി വലിപ്പത്തിലാണ് ശില്പത്തിന്റെ നിര്‍മ്മാണം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മണല്‍ ശില്പവും ‘ഭാരതത്തിലേക്ക് സ്വാഗതം’ എന്ന സന്ദേശമുള്ള ജി 20 ലോഗോയും ഇതില്‍ ഉള്‍പ്പെടുന്നു. ഏകദേശം അഞ്ച് ടണ്‍ മണലും രണ്ടായിരം മണ് ചിരാതുമാണ് ശില്പം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. സുദര്‍ശന്റെ സാന്‍ഡ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത് പൂര്‍ത്തിയാക്കിതെന്ന് കലാകാരന് വ്യക്തമാക്കി.
‘അതിഥികളെ മണ് ചിരാത് താലത്തില്‍ വച്ച് ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നത് നമ്മുടെ സംസ്കാരമായിരുന്നു. അതിനാലാണ് അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ മണലിനൊപ്പം മണ് ചിരാതുകള്‍ കൂടി ഉപയോഗിച്ച് ഞാന്‍ ഈ ശില്പം നിര്‍മ്മിച്ചത്’, സുദര്ശന് പറഞ്ഞു.
#WelcomeToBharat
The US President @JoeBiden for #G20Summit .My SandArt with Installation of 2000 diya at Puri beach in Odisha . pic.twitter.com/rvCFgo064X— Sudarsan Pattnaik (@sudarsansand) September 7, 2023
2020 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴും സുദര്ശന് ബൈഡന്റെ മറ്റൊരു മണല്‍ ശില്പം സൃഷ്ടിച്ചിരുന്നു. അന്നത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പത്മ പുരസ്കാര ജേതാവായ സുദര്ശന് പട്നായിക് ലോകമെമ്പാടുമുള്ള 65-ലധികം അന്താരാഷ്ട്ര സാന്‍ഡ് ആര്‍ട്ട് മത്സരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കുകയും രാജ്യത്തിന് നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Discussion about this post