ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി പാർട്ടി അദ്ധ്യക്ഷയായിരുന്ന സമയത്തും കോൺഗ്രസ് ഇതിൽ കാര്യമായ പരിശ്രമങ്ങൾ നടത്തിയിരുന്നില്ല.
1998 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് 33 ശതമാനം വനിതാസംവരണമെന്ന നിർദ്ദേശം പ്രഖ്യാപിച്ചത്. അതിന് മുൻപ് 1996 ൽ ദേവഗൗഡ നേതൃത്വം നൽകിയ സർക്കാർ 81 ാം ഭേദഗതി ബില്ലായി ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാജ്പേയിയുടെ പ്രഖ്യാപനം. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. പന്ത്രണ്ടാം ലോക്സഭയിൽ ബില്ല് നിയമമാക്കാൻ വാജ്പേയിയുടെ നേതൃത്വത്തിൽ നിരന്തരം പരിശ്രമിച്ചെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.
പിന്നീട് 1999 ലും 2002 ലും 2003 ലുമൊക്കെ ബില്ല് വീണ്ടും അവതരിപ്പിച്ച് പാസാക്കാൻ വാജ്പേയി സർക്കാർ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ഫലം കണ്ടില്ല. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2008 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ബില്ല് വീണ്ടും പൊടി തട്ടിയെടുത്തു. 2008 മെയ് ആറിന് രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് മെയ് 9 ന് സ്റ്റാൻഡിങ് സമിതിക്ക് വിട്ടു.
2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ല് അംഗീകരിച്ചു. തുടർന്ന് മാർച്ച് 9 ന് രാജ്യസഭ 186 -1 എന്ന നിലയിൽ ബില്ല് വോട്ടിനിട്ട് പാസാക്കി. പിന്നീട് 2014 വരെ യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിലും ബില്ലിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.
വനിതകൾക്ക് ജാതി അടിസ്ഥാനമാക്കിയുളള സംവരണമാണ് വേണ്ടതെന്ന നിലപാടിൽ ആർജെഡിയും സമാജ് വാദി പാർട്ടിയും ഉൾപ്പെടെ ബില്ലിനെ എതിർത്തിരുന്നു. പഞ്ചായത്തുകളിൽ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് 1992 ൽ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ചിരുന്നു. തദ്ദേശ ഭരണസംവിധാനത്തിലെ നേതൃനിരയിലേക്ക് ഇതിലൂടെ 14.5 ലക്ഷം വനിതകളാണ് ഉയർന്നുവന്നത്. ഇന്ന് ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങൾ വനിതാ സംവരണം 50 ശതമാനമാക്കുന്നതിലേക്ക് എത്തി.
പതിനേഴാം ലോക്സഭയിൽ പരമാവധി 82 വനിതാ എംപിമാരാണുളളത്. ലോക്സഭയുടെ മൊത്തം അംഗബലത്തിന്റെ 15.21 ശതമാനം വരുമിത്. 2022 ലെ കണക്ക് പ്രകാരം രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം 14 ശതമാനമാണ്. 2014 ലെ 16 ാം ലോക്സഭയിൽ 68 വനിതാ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ വനിതാ നേതാക്കളുടെ കടന്നുവരവിനാകും ബില്ല് നിയമമാകുന്നതോടെ വഴി തെളിയുക.
Discussion about this post