തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നും സംസ്ഥാനത്ത് വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്കാണ് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാദ്ധ്യതയുള്ളത്.
Discussion about this post