കോഴിക്കോട് : തട്ടം പരാമർശത്തിലെ സിപിഎം നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കി. സിപിഎം ഇപ്പോൾ അതിവേഗത്തിൽ വർഗീയ പാർട്ടി ആയിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. തട്ടം വിഷയത്തിൽ അനിൽകുമാറിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട സിപിഎം എന്തുകൊണ്ടാണ് മിത്ത് വിവാദത്തിൽ ഷംസീറിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്നത് എന്നും എം ടി രമേശ് ചോദിച്ചു.
” സ്വതന്ത്രചിന്തയെയും അഭിപ്രായപ്രകടനത്തിനേയും പിന്തുണയ്ക്കുന്ന പാർട്ടിയാണ് സിപിഎം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ സ്വതന്ത്ര ചിന്തയെല്ലാം ഒരു വിഭാഗത്തിന് മാത്രം മതിയെന്നാണ് സിപിഎം നിലപാട്. സംസ്ഥാന സമിതി അംഗമായ കെ അനിൽകുമാർ തട്ടം വിഷയത്തിൽ പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ തന്നെ അത് പിൻവലിക്കേണ്ടി വന്നു. അനിൽകുമാറുമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയായി സിപിഎം മാറി” എന്നും എം ടി രമേശ് വിമർശിച്ചു.
“അനിൽകുമാറിന്റെ പ്രസ്താവനയെ സിപിഎമ്മിനുള്ളിലെ മുസ്ലിം നേതാക്കളാണ് ആദ്യം എതിർത്തത്. മതപരമായ കാര്യങ്ങൾ പറയുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ പഠിക്കണമെന്നാണ് സിപിഎം എംപിയായ ആരിഫ് പറയുന്നത്. ഇത് മുസ്ലിം മതത്തിന് മാത്രം ബാധകമായ കാര്യമാണോ എന്ന് സിപിഎം വ്യക്തമാക്കണം. സമസ്തയ്ക്ക് മുൻപിൽ മുട്ടുമടക്കുന്ന സിപിഎം എൻഎസ്എസിനെ ചീത്ത പറയുകയാണ് ചെയ്യുന്നത്. വോട്ടുബാങ്കിന് വേണ്ടി സിപിഎം സംഘടിത മതവിഭാഗത്തിന് മുമ്പിൽ മുട്ടുമടക്കുകയാണെന്ന കാര്യം അണികൾ തിരിച്ചറിയണം” എന്നും എംടി രമേശ് സൂചിപ്പിച്ചു.
Discussion about this post