കൊല്ലം : ജില്ലയില്‍ വീണ്ടും ഭക്ഷണത്തിന്റെ പേരില്‍ സംഘര്‍ഷം. പൊറോട്ടയും ബീഫും കടം നല്‍കിയില്ലെന്നാരോപിച്ച് യുവാവ് ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു. സംഭവത്തില്‍ എഴുകോണ്‍ പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊരീക്കല്‍ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അക്ഷര ഹോട്ടലില്‍ നാടകീയ രംഗങ്ങളുണ്ടാകുന്നത്. ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയ അനന്തു പൊറോട്ടയും ബീഫും ആവശ്യപ്പെട്ടു. തന്റെ കൈവശം പണമില്ലെന്നും, ഭക്ഷണം കടമായി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. രാവിലെ കട തുറന്നശേഷം ആദ്യ കച്ചവടം നടന്നിട്ടില്ലാത്തതിനാല്‍ അല്പ നേരം കാത്തിരിക്കാന്‍ കടയുടമ അനന്തുവിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ അനന്തു കടയുടമയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു.
തുടര്‍ന്ന് അനന്തു നേരത്തെ കഴിച്ചതിന്റെ പണം കൂടി കടയുടമ ആവശ്യപ്പെട്ടതോടെ അനന്തു കൂടുതല്‍ പ്രകോപിതനാകുകയായിരുന്നു. പുറത്തിറങ്ങിയ അനന്തു മണ്ണ് വാരിക്കൊണ്ടുവന്ന് പൊറോട്ടയും ബീഫ് കറിയും സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു.
സംഭവത്തില്‍ കടയുടമയായ രാധ എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അനന്തുവിനെ പരുത്തുംപാറയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ അനന്തുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Discussion about this post