നൂറാം വർഷത്തിലേക്ക് കടക്കുന്ന ആർഎസ്എസിന്റെ ചരിത്രം സീരീസ് ആയി പുറത്തിറങ്ങുന്നു. 2025-ൽ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുമ്പോഴാണ് ഇത്തരം ഒരു വിശിഷ്ട നേട്ടം കൂടി രാഷ്ട്രീയ സ്വയംസേവക് സംഘം കൈവരിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ 6 സംവിധായകർ ചേർന്നാണ് സീരീസ് ഒരുക്കുന്നത്. മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശനും ഈ കൂട്ടത്തിൽ ഉണ്ട്.
സംഘത്തിന്റെ വിശദമായ ചരിത്രത്തെക്കുറിച്ചും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ഭൂപ്രകൃതിയിലേക്ക് സംഘടന എന്ന നിലയിലുള്ള സംഭാവനകളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് ഈ സീരീസ്. ‘വൺ നേഷൻ’ എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ ഒരു ചെറിയ ഗ്രൂപ്പ് ആയി തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക സാംസ്കാരിക സംഘടനയായി മാറിയ ആർഎസ്എസിന്റെ ചരിത്രം വിശദമായി വെളിവാക്കുന്നതായിരിക്കും ഈ പരമ്പരയെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.
സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്ര സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നിസ്വാർത്ഥരായ നിരവധി സ്വയംസേവകരുടെ പങ്കിനെക്കുറിച്ചും നീണ്ട ഗവേഷണങ്ങളാണ് ഈ പരമ്പരയ്ക്ക് പിന്നിലുള്ളത്. പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി, ഡോ ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
ദുരന്ത നിവാരണം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിലായി രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിന് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുന്ന രീതിയിലാണ് പരമ്പര ഒരുങ്ങുന്നത്. 1925-ൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘം 2025-ൽ അതിന്റെ ശതാബ്ദി ആഘോഷം വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ്.
Discussion about this post