സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻ ലാലിന്റെ സംവിധാന രംഗത്തെ അരങ്ങേറ്റം ഏങ്ങനയാകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ സിനിമാ ലോകം വച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കുമായി കാത്തിരിക്കുന്ന പ്രേഷകർക്കുള്ള വൻ ’സർപ്രൈസാണ്’ മോഹൻ ലാൽ ഇന്ന് നൽകിയത്. ചിത്രത്തെക്കുറിച്ച് ഒരു പ്രധാന അപഡേറ്റ് ഇന്ന് വൈകീട്ട് നൽകുമെന്ന് മോഹൻ ലാൽ രാവിലെ തന്നെ അറിയിച്ചിരിക്കുന്നു. ആ സസ്പൻസ് മറ്റൊന്നുമല്ലായിരുന്നു. കാത്തിരിപ്പിനൊടുവിൽ ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
2024 മാര്‍ച്ച് 28നാണ് ‘ബറോസ്’ തിയറ്ററുകളില്‍ എത്തുക. ഒരു 3 ഡി പോസ്റ്ററിലൂടെയാണ് മോഹൻ ലാൽ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസങ്ങളായിരുന്നു ചിത്രീകരണം. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് ‘ബറോസ്’. ഡിസംബർ 21ന് നേര്, ജനുവരി 25 ന് മലൈക്കോട്ടൈ വാലിബന്, മാർച്ച് 28ന് ബറോസ് എന്നിങ്ങനെ മോഹൻ ലാൽ ഹിറ്റുകളിലേക്കാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ വൻ പ്രതികരണമാണ് ആരാധകരിൽ നിന്നും എത്തുന്നത്.
Discussion about this post