കണ്ണൂർ: തടവുകാർക്ക് പഠനത്തിനായി അനുമതി നൽകി ഹൈക്കോടതി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന പി. സുരേഷ് ബാബു, വി. വിനോയ് എന്നിവർക്കാണ് പഠനത്തിന് ഹൈക്കോടതി അനുമതി നൽകിയത്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഇരുവരും ചീമേനിയിലെ തുറന്ന ജയിലിലും, കണ്ണൂർ സെൻട്രൽ ജയിലിലുമാണ് തടവിൽ കഴിയുന്നത്.
എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാനാണ് ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്.
എൽഎൽബി റെഗുലർ കോഴ്സിനായുള്ള പ്രവേശന പരീക്ഷയിൽ ഇരുവരും ജയിച്ചിരുന്നു. എന്നാൽ തടവിൽ കഴിയുമ്പോൾ റെഗുലറായി പഠനം തുടരാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഓൺലൈൻ ആയി പഠനം തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഇവർക്ക് ജയിൽ സൂപ്രണ്ടുമാരും കോളേജ് പ്രിൻസിപ്പൽമാരും സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. റെഗുലർ ക്ലാസിന് തുല്യമായി ഇത് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൂട്ട് കോർട്ട്, ഇൻറേൺഷിപ്പ് സെമിനാറുകൾ എന്നിവയ്ക്കായി ഇവർക്ക് കോളേജിലേക്ക് പോകണം. ഈ വേളയിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ഇടക്കാല ജാമ്യം അനുവദിക്കും. സുരേഷ് ബാബുവിന് കുറ്റിപ്പുറം കെഎംസിടി കോളേജിലും, വിനോയ് പൂത്തോട്ട എസ്എൻ കോളേജിലുമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.
Discussion about this post