കൊല്ലം : ഹൃദയാഘാതമുണ്ടായി ബോധംപോയി നിലത്ത് വീണ വയോധികന് രക്ഷകരായി കേരളാ പോലീസ്. കൊല്ലം മയ്യനാട് സ്വദേശിയാണ് പോലീസിന്റെ കരുതലില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്നത്. കൊല്ലം സിറ്റി പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. രാജേഷ്കുമാറും സി.പി.ഒ. ദീപക്കുമാണ് വയോധികനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പള്ളിത്തോട്ടം സ്റ്റേഷന് പരിധിയിലെ ഡി-ഫോര്‍ട്ട് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കടല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലെ ബീറ്റ് ബുക്കില്‍ ഒപ്പിടാനെത്തിയതാണ് പോലീസ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനെ കാണാത്തതിനെ തുടര്‍ന്ന് പരിസരത്തു നടത്തിയ പരിശോധനയിലാണ് മഴയത്തു തറയില്‍ കമിഴ്ന്നു കിടക്കുന്നനിലയില്‍ വയോധികനെ കണ്ടെത്തുന്നത്.
രാജേഷ്കുമാറും ദീപക്കും ഉടന്‍തന്നെ കൊല്ലം കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. വയോധികനെ ആംബുലന്‍സ് വിളിച്ചു വരുത്തി ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സകള്‍ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത വയോധികന് ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.
Discussion about this post