ശത്രുക്കൾക്ക് മേൽ പ്രളയമായി മാറാൻ ഭാരതത്തിന്റെ പ്രളയ് മിസൈലുകൾ. ബാലിസ്റ്റിക് മിസൈലായ പ്രളയ്യുടെ പരീക്ഷണം സൈന്യം വിജയകരമായി പൂർത്തിയാക്കി. ഇതോടെ പ്രതിരോധ രംഗത്ത് ഒരു നിർണായക നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ ഭാരതം. മിസൈലുകൾ നിയന്ത്രണ രേഖയിൽ അണിനിരക്കുന്നതോട് കൂടി ചൈനയും പാകിസ്താനും അൽപ്പം വിയർക്കുമെന്ന് ഉറപ്പ്.
കഴിഞ്ഞ ദിവസം ഒഡീഷയിലെ അബ്ദുൾ കലാം ഐലന്റിൽ ആയിരുന്നു പ്രളയ് മിസൈലിന്റെ പരീക്ഷണം. കിലോമീറ്ററുകൾ അകലെ സ്ഥാപിച്ച ലക്ഷ്യം കൃത്യമായി ഭേദിച്ച് പ്രളയ് കരുത്ത് തെളിയിച്ചു. ഹ്രസ്വദൂര ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈൽ ആണ് പ്രളയ്.
രാജ്യാതിർത്തിയിലെ സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പ്രളയ് മിസൈലുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ യഥാർത്ഥ നിയന്ത്രണ രേഖലയിലും, നിയന്ത്രണ രേഖയിലും ആകും വിന്യസിക്കുക. ചൈനയുടെ കടന്നു കയറ്റത്തിനും പാകിസ്താന്റെ ഭീകരവാദത്തിനും പ്രളയ് മിസൈലുകൾ കനത്ത പ്രഹരം ആകുമെന്ന് ഉറപ്പ്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈലിന്റെ നിർമ്മാതാക്കൾ. കരസനേയ്ക്ക് കൈമാറുന്നതിന് മുന്നോടിയായി കരുത്ത് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. വിജയകരം ആയ സാഹചര്യത്തിൽ ഉടൻ തന്നെ മിസൈലുകൾ കരസേനയ്ക്ക് കൈമാറും. മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണം ആയിരുന്നു ഇത്. 2021 ൽ മിസൈലുകളുടെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. അടുത്തിടെ പ്രളയ് മിസൈലുകൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം കരസേനയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്.
ചൈനയുടെ ദോംഗ് ഫെംഗ് 12, റഷ്യയുടെ ഇസ്കന്ദർ എന്നീ മിസൈലുകളോട് കിടപിടിക്കുന്നവയാണ് പ്രളയ് മിസൈലുകൾ. സമാന സവിശേഷതകളുള്ള മിസൈലുകൾ പാകിസ്താനും ഉപയോഗിക്കുന്നുണ്ട്. 350 മുതൽ 500 കിലോ മീറ്ററാണ് പ്രളയ് മിസൈലുകൾ ദൂരപരിധി. 500- 1000 കിലോവരെ ആയുധവാഹക ശേഷിയുമുണ്ട്. പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനപ്പെടുത്തിയാണ് മിസൈലിന്റെ നിർമ്മാണം. സോളിഡ് പ്രൊപ്പെൽഡ് റോക്കറ്റ് മോർട്ടോറാണ് ഇതിലുള്ളത്. ഇതാണ് 500 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ശത്രുക്കളെ ചാരമാക്കാൻ മിസൈലിന് കരുത്താകുന്നത്. ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയാണ് ഈ മോർട്ടോർ നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ടണ്ണാണ് മിസൈലിന്റെ ഭാരം.
Discussion about this post