ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ വ്യാഴാഴ്ച ഫോണിൽ ചില നിർദ്ദേശങ്ങൾ നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും മകനും എതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയും ജെഡിഎസും. ഒരു പൊതുസ്ഥലത്തു നിന്നു കൊണ്ട് ഇങ്ങനെ അഴിമതി കാണിക്കുന്നവർ ആണെങ്കിൽ അടച്ചിട്ട മുറികളിൽ എന്തായിരിക്കും നടക്കുന്നത് എന്ന് എച്ച് ഡി കുമാരസ്വാമി ചോദ്യമുന്നയിച്ചു.
കർണാടകയിൽ സർക്കാർ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് യതീന്ദ്ര സിദ്ധരാമയ്യ മുഖ്യമന്ത്രിയായ പിതാവിനെയും അദ്ദേഹത്തിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകുകയും താൻ പറയുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയും ജെഡിഎസും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സർക്കാർ ജോലിക്ക് പോസ്റ്റിങ്ങിന് കാശ് വാങ്ങുന്ന വകുപ്പാണ് സിദ്ധരാമയ്യയുടെ മകൻ നോക്കുന്നതെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. “വൻ അഴിമതിയാണ് ഇപ്പോൾ കർണാടകയിൽ നടക്കുന്നത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനായി പണം വാങ്ങി നിയമനം കൊടുക്കുന്ന ഒരു മാഫിയയാണ് ഇപ്പോൾ കർണാടകയിൽ പ്രവർത്തിക്കുന്നത്. അതിന്റെ തലവൻ മുഖ്യമന്ത്രിയുടെ മകൻ ആണെന്നാണ് വീഡിയോ വെളിപ്പെടുത്തുന്നത് ” എന്നും എച്ച് ഡി കുമാരസ്വാമി വിമർശനമുന്നയിച്ചു.
Discussion about this post