ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11.13% പോളിംഗാണ് ആദ്യ മണിക്കുറിൽ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെഹോറിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ഭാര്യ സാധന സിംഗിനും സെഹോറിൽ സ്ത്രീകൾ ആശംസകൾ നേർന്നു. ‘രാജ്യത്തിന്റെയും മധ്യപ്രദേശിന്റെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ബിജെപി ഇത്തവണയും ഭരണത്തിൽ വരും’- മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് കമൽനാഥും ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 20 വർഷമായി ബിജെപി ഭരണത്തിലാണ് മധ്യപ്രദേശ്. ഇത്തവണയും ഭരണം ആവർത്തിക്കുമെന്നു തന്നെയാണ് പ്രവചനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിങ്ങനെ നിരവധി പേർ ബിജെപിക്കായി ശക്തമായി പ്രചരണ മുഖത്തുണ്ടായിരുന്നു. അഴിമതി രഹിത സർക്കാരാണ് ബിജെപി ഈ തിരഞ്ഞെടുപ്പിലും ഉറപ്പ് നൽകുന്നത്.
സംസ്ഥാനത്തെ 5.9 കോടി വോട്ടർമാരാണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. 64,000 സ്റ്റേഷനുകളിൽ രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. ഡിസംബർ 3 നാണ് മധ്യപ്രദേശും ചത്തീസ്ഗഡും ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവരിക.
Discussion about this post