ന്യൂഡൽഹി: തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനെത്തുടർന്ന് ഗ്രാപ്പ് സ്റ്റേജ്-IV നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങി. ഇതേ തുടർന്ന്, ഡൽഹിയിലെ എല്ലാ സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്കൂളുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി.
ഈ ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. ഇതോടെ ഗ്രാപ്പ് നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതോടെ, ഡൽഹിയിലെ എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ അംഗീകൃത സ്കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, അടുത്ത ഒരാഴ്ചത്തേക്ക് പുറത്തിറങ്ങിയുള്ള സ്പോർട്സ്, പ്രഭാത അസംബ്ലികൾ എന്നിവ വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇടത്തരം, ഹെവി ചരക്ക് വാഹനങ്ങളും തലസ്ഥാനത്ത് അനുവദിക്കും.
ഇന്ന് രാവിലെ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം 310 എന്ന തോതിലാണ് തുടരുന്നത്. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം, ആനന്ദ് വിഹാറിലെ എക്യുഐ 361 ആണ്. അലിപ്പൂരിൽ ഇത് 368, അശോക് വിഹാർ 342, ആർകെ പുരത്ത്, 344 എന്നിങ്ങനെയാണ് മലിനീകരണ തോത്. വായുവിന്റെ ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഈ പുരോഗതി നിലനിർത്താൻ ജനങ്ങൾ എപ്പോഴും ശ്രദ്ധിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
Discussion about this post