അമരാവതി: വിശാഖപട്ടണം ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. മുംബൈ സ്വദേശിയായ അമാൻ സലിം ഷെയ്ഖ് ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് മുംബൈ, അസം എന്നിവിടങ്ങളിൽ എൻഐഎ കഴിഞ്ഞ ദിവസം രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
അമാന്റെ പക്കൽ നിന്നും സിംകാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. ഐഎസ്ഐയിലെ ഉദ്യോഗസ്ഥരുമായി ഈ സിംകാർഡുകൾ ഉപയോഗിച്ചാണ് അമാനും സംഘവും ആശയവിനിമയം നടത്തിയിട്ടുള്ളത് എന്നാണ് എൻഐഎ നൽകുന്ന വിവരം. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചതിൽ നിന്നും ചില രാജ്യവിരുദ്ധ രേഖകൾ കണ്ടെത്തി.
2021 ലെ കേസുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ അറസ്റ്റ്. പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് രാജ്യത്തിന്റെ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കേസ്. നാല് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നാലാമനായുള്ള അന്വേഷണം തുടരുകയാണ്. പ്രതികളിൽ രണ്ട് പേർ പാക് സ്വദേശികളാണ്. കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ൽ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് രജിസ്റ്റർ ചെയ്ത കേസ് ഈ വർഷം ജൂണിൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Discussion about this post