തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരനെതിരെ നടപടിയ്ക്ക് ശുപാർശ. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് നടപടിയ്ക്ക് ശുപാർശ നൽകിയിരിക്കുന്നത്. തിരുവല്ലത്ത് ഷഹനയെന്ന യുവതി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നവാസ് ചോർത്തി നൽകിയത്.
ഷഹനയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായി നൗഫലിന്റെ ബന്ധുവാണ് നവാസ്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പോലീസ് നീക്കങ്ങളുമാണ് നവാസ് ചോർത്തി നൽകിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിട്ടിരുന്നു. ഇതേ തുടർന്ന് നടന്നിയ വിശദമായി അന്വേഷണത്തിലാണ് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്. ഇതേ തുടർന്നാണ് നടപടി.
കഴിഞ്ഞ മാസമാണ് ഷഹന ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിലായിരുന്നു ആത്മഹത്യ. മൂന്ന് വർഷം മുൻപായിരുന്നു ഷഹനയുടെ വിവാഹം. അന്ന് 75 പവന്റെ സ്വർണാഭരണങ്ങൾ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഇത് പോരെന്നുപറഞ്ഞ് നിരന്തരം ഷഹനയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.
മൂന്ന് മാസം മുൻപ് ഭർതൃ മാതാവ് ഷഹനയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് വന്നത്. എന്നാൽ ഇവിടെയെത്തി നൗഫൽ കുട്ടിയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിൽ മനംനൊന്ത് ആയിരുന്നു ആത്മഹത്യ.
Discussion about this post