ഇടുക്കി : ഇടുക്കിയിലെ കമ്പംമെട്ടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. സമീപത്തെ പള്ളിയിലെ പാസ്റ്ററിന്റെതാണ് മൃതദേഹം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മൃതദേഹത്തിലെ കണ്ണട, ബെൽറ്റ് എന്നിവ കണ്ട് പാസ്റ്ററിന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കമ്പംമെട്ടിനു സമീപമുള്ള മന്തിപ്പാറയിൽ തമിഴ്നാട് വന മേഖലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാസ്റ്ററിന്റെതാണെന്ന് സംശയം ഉയരുന്നത്. മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്റർ ആയ പി വി എബ്രഹാം ആണ് മരണപ്പെട്ടത്.
പാസ്റ്ററുടെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വനമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹം നിലവിൽ തേനി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്ന് പോലീസ് അറിയിച്ചു.
Discussion about this post