ചെന്നെ: കവർച്ച കഴിഞ്ഞ് കത്തെഴുതി വച്ച് മുങ്ങി മോഷ്ടാവ്. തമിഴ്‌നാട്ടിൽ വിരമിച്ച അദ്ധ്യാപികരായ ദമ്പതികളുടെ വീട്ടിലാണ് വിചിത്ര സംഭവമുണ്ടായത്. മോഷ്ടിച്ച സാധനങ്ങൾ ഒരു മാസത്തിനകം തിരികെ തരാമെന്നായിരുന്നു മോഷ്ടാവ് കത്തിൽ എഴുതിയിരുന്നത്. മോഷണം നടത്തിയതിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ജൂൺ 26നായിരുന്നു സംഭവം.
അദ്ധ്യാപകനായിരുന്ന സെൽവനും ഭാര്യയും ചെന്നെയിൽ മകനെ കാണാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ജൂൺ 17നായിരുന്നു ഇവർ വീട്ടിൽ നിന്നും പോയത്. മേഘനാപുരത്തെ സാത്താൻകുളം റോഡിലാണ് ഇവരുടെ വീട്. പത്ത് ദിവസം കഴിഞ്ഞ് വീട് വൃത്തിയാക്കാൻ എത്തിയ വീട്ട് ജോലിക്കാരിയാണ് വീടിന്റെ പ്രധാനവാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വീട്ടുജോലിക്കാരി ഉടനെ സെൽവനെ വിവരമറിയിച്ചു. വീട്ടിലെതതിയ ദമ്പതികൾ പരിശോധിച്ചപ്പോഴാണ് പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി കണ്ടെത്തിയത്.
60,000 രൂപയും 12 ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോഡി വെള്ളി പാദസരവുമാണ് മോഷണം പോയത്. അദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കത്ത് കണ്ടെത്തിയത്.
‘എന്നോട് ക്ഷമിക്കൂ.., ഒരു മാസത്തിനുള്ളിൽ ഇത് ഞാന തിരികെ നൽകും. എന്റെ വീട്ടിൽ ഒരാൾക്ക് സുഖമില്ലാത്തതിനാലാണ് ഞാൻ ഇത് ചെയ്യുന്നത്’ – എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. സംഭവത്തിൽ മേഘനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post