തിരുവനന്തപുരം : കാര്യവട്ടം സംഘർഷം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നെറികേടിന്റെ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐ എന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ നിന്ന സംഭവങ്ങൾ നിയമസഭയിൽ എണ്ണിയെണ്ണി പറഞ്ഞ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം.
മുഖ്യമന്ത്രി ഒരിക്കലും മാറാൻ പോവുന്നില്ല. തിരുത്തില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനമാണ്. എസ്എഫ്‌ഐ നടത്തുന്നത് രക്ഷാപ്രവർത്തനം ആണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. എന്ത് വൃത്തികേട് കാണിക്കാനും എന്ത് ക്രിമിനൽ നടപടി കാണിക്കാനും ആരെയും വേട്ടയാടാനും ആരെയും തല്ലിക്കൊല്ലാനും കുറെ ആളുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് . ഇത് കേരളത്തിലെ ജനങ്ങൾ കാണട്ടേ. ഇവർ വിലയിരുത്തട്ടെ എന്നും വിഡി സതീശൻ പറഞ്ഞു.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായ ഒരു ചെറുപ്പക്കാരനെ കോളേജ് ഹോസ്റ്റലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലി കൊന്ന് കെട്ടി തൂക്കിയപ്പോൾ അത് എങ്ങനെയാണ് സാർവദേശീക സംഭവമാവുന്നത് എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സംരംക്ഷണമാണ് എസ്എഫ്‌ഐയുടെ അതിക്രമങ്ങൾക്ക് കാരണം. ആ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകുള്ളൂവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Discussion about this post