ന്യൂഡൽഹി: ടി 20 ലോകകപ്പുമായി മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയ ടീമിന് വമ്പൻ വരവേൽപ്പൊരുക്കി ഇന്ത്യ. ബാർബഡോസിൽ നിന്ന് വിമാനയാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയ ടീമിനെ കാത്ത് നൂറുകണക്കിന് ആളുകളാണ് പൂച്ചെണ്ടുകളും ഹാരവുമൊക്കെയായി വിമാനത്താവള പരിസരത്ത് കാത്തുനിന്നത്. ട്രോഫിയുമായി വിമാനത്തിനുള്ളിൽ നൃത്തംവെച്ച രോഹിത് വിമാനമിറങ്ങി ടീം ഹോട്ടലിലേക്ക് പോകുന്നതിനിടയിലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നൃത്തം തുടർന്നു.
പ്രിയ ക്യാപ്റ്റനൊപ്പം സൂര്യ കുമാർ യാദവും ഗംഭീര നൃത്തം കാഴ്ച വച്ചു. ബാംഗ്ര താളത്തിനൊപ്പമായിരുന്നു യുവതാരത്തിന്റെ നൃത്തം. വിരാട് കോലിയടക്കമുള്ള താരങ്ങളെ ജയ് വിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നരേന്ദ്രമോദിയോടൊപ്പമായിരുന്നു താരങ്ങളുടെ പ്രഭാതഭക്ഷണം.
ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും. ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശർമ എക്‌സിൽ കുറിച്ചു.
Discussion about this post