ന്യൂഡൽഹി: കാണാനില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ റാഞ്ചിയിൽ മന്ത്രിമാരും എംഎൽഎമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി തിരയുന്നതിനിടയിലാണ് ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നിയമസഭാംഗങ്ങളും ഉൾപ്പെട്ട യോഗത്തിൽ ഹേമന്ത് സോറനും ഭാര്യ കൽപ്പനയും പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നും ഹേമന്ത് അറസ്റ്റ് ചെയ്യപ്പെട്ടാൽ കൽപ്പന മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഡൽഹിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും ഹേമന്തിനെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച്ച രാത്രി വസതിയിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഹേമന്ത് ഇറങ്ങിയിരുന്നു. എന്നാൽ, ഹേമന്ത് എവിടെയെന്ന് അറിയില്ലെന്നായിരുന്നു സഹപ്രവർത്തകർ പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിയേയും സുരക്ഷാ ജീവനക്കാരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് ഹേമന്തിനെ കാണാനില്ലെന്ന വാർത്തകൾ പ്രചരിച്ചത്.
റാഞ്ചിയിൽ നിന്നും ഡൽഹിയിലെത്തിയ ഹേമന്തിന്റെ ചാർട്ടേഡ് വിമാനം ഡൽഹി വിമാനത്താവളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. നേരത്തെ ഹേമന്തിന്റെ ഡൽഹിയിലെ വസതിയിൽ നിന്നും രണ്ട് ആഡംബര കാറുകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനോടൊപ്പം ചില രേഖകളും 36 ലക്ഷത്തോളം രൂപയും ഇഡി പിടിച്ചെടുത്തതായാണ് വിവരം. ഹേമന്തിന്റെ ഡ്രൈവറെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post