റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ ഹേമന്ത് സോറന്റെ വസതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കാങ്കേ റോഡിന്റെ മുഖ്യമന്ത്രിയുടെ വസതിയിൽ തടിച്ചുകൂടിയ ജാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകരും എംഎൽഎമാരും പ്രതിഷേധപ്രകടനം നടത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റുമുള്ള പ്രദേശത്ത് നിരോധനാജ്്ഞ ഏർപ്പെടുത്തി.
ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ധനവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇതിന് മുൻപ് എട്ട് തവണ ചോദ്യം ചെയ്യലിൽ നിന്നും ഹേമന്ത് ഒഴിഞ്ഞു മാറിയിരുന്നു. ഇതിന് പിന്നാലെ ജനുവരി 20നാണ് മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. അന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലിന് പ്രദേശത്ത് സുരക്ഷ ആവശ്യപ്പെട്ടതായി ഇഡി വ്യക്തമാക്കി.
അതേസമയം, ഹേമന്ത് സോറനെ അറസ്റ്റ് ചെയ്താലുള്ള സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലുകൾ പാർട്ടിയും എടുത്തിട്ടുണ്ട്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനാണ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുതൽ. ഈ റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച്ചയിൽ ഭാര്യ കൽപ്പനയുടെയും സാന്നിദ്ധ്യം.
Discussion about this post