ചണ്ഡീഗഡ് : പഞ്ചാബ് ഗവർണർ സ്ഥാനവും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ച് ബൻവാരിലാൽ പുരോഹിത്. വ്യക്തിപരമായ കാരണങ്ങളാലും ചില പ്രതിബദ്ധതകളാലും ആണ് രാജി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏറെക്കാലമായി പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുമായി ഉള്ള സംഘർഷങ്ങളുടെ പേരിൽ ശ്രദ്ധേയനായിരുന്നു ബൻവാരിലാൽ പുരോഹിത്.
“എൻ്റെ വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ചില പ്രതിബദ്ധതകളാലും, പഞ്ചാബ് ഗവർണർ സ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കുന്നു . ദയവായി എന്റെ ഈ തീരുമാനത്തെ അംഗീകരിക്കണം” എന്നാൽ ഏതാനും വരികൾ മാത്രമുള്ള രാജിക്കത്താണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിട്ടുള്ളത്. 2021 ഓഗസ്റ്റ് മുതൽ പഞ്ചാബ് സംസ്ഥാനത്തിന്റെ ഗവർണറും ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്ററും ആയിരുന്നു ബൻവാരിലാൽ പുരോഹിത്.
നാഗ്പൂരിൽ നിന്നും മൂന്നു തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ബൻവാരിലാൽ പുരോഹിത്. രണ്ടുതവണ കോൺഗ്രസിൽ നിന്നും ഒരു തവണ ബിജെപിയിൽ നിന്നും അദ്ദേഹം ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും ബൻവാരിലാൽ പുരോഹിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post