തിരുവനന്തപുരം : വയനാട് മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർ കൊമ്പൻ എന്ന ആന ചെരിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഉന്നതസമിതി രൂപീകരിച്ച് കേരള സർക്കാർ. വെള്ളിയാഴ്ച രാത്രി പത്തരയോടെ മാനന്തവാടിയിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ശനിയാഴ്ച പുലർച്ചെയായിരുന്നു ചരിഞ്ഞത്. സമ്മർദ്ദം മൂലമുണ്ടായ ഹൃദയാഘാതം ആണ് തണ്ണീർകൊമ്പന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദൻ അധ്യക്ഷനായ വിദഗ്ധസമിതിയെ ആണ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി സർക്കാർ നിയമിച്ചിട്ടുള്ളത്. ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ ഫോറസ്റ്റ് കൺസർവേറ്റർ ആയ നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഡോ. ആർ രാജ്, വന്യജീവി വനം സംരക്ഷണ എൻജിഒ പ്രവർത്തകനായ ഡോ. റോഷ്നാഥ് രമേശ്, നിയമ വിദഗ്ധനായ എൽ നമശിവായൻ എന്നിവരാണ് ഉന്നത സമിതിയിലെ മറ്റ് അംഗങ്ങൾ.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മാനന്തവാടിക്ക് സമീപത്ത് ജനവാസ മേഖലയിൽ റേഡിയോ കോളർ ധരിച്ച നിലയിലുള്ള ആനയെ കണ്ടെത്തിയത്. പകൽ മുഴുവൻ ആന ഈ മേഖലയിൽ തന്നെ ചുറ്റിത്തിരിഞ്ഞു. ജനവാസ മേഖലയിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നതെങ്കിലും യാതൊരുവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയോടെ ആയിരുന്നു ആനയെ മയക്കു വെടിവെച്ച് പിടികൂടാൻ കേരള സർക്കാർ ഉത്തരവിട്ടത്. തുടർന്ന് രാത്രി പത്തരയോടെ മയക്കു വെടിവെച്ച് പിടികൂടിയ ആനയെ എലിഫന്റ് ആംബുലൻസിൽ കയറ്റി ബന്ദിപ്പൂർ വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ബന്ദിപ്പൂരിൽ വച്ച് ആന ചെരിയുകയായിരുന്നു.
Discussion about this post