പത്തനംതിട്ട : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരണപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പന്തളം എംസി റോഡിൽ ആയിരുന്നു അപകടം നടന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ ജോസഫ് ഈപ്പൻ എന്ന 66 വയസ്സുകാരനാണ് മരണപ്പെട്ടത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വടക്കുംതല കളത്തിൽ വീട്ടിൽ അബിൻ എന്ന 26 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പന്തളം എംസി റോഡിൽ കൂരംപാല അമൃത സ്കൂൾ കവലയ്ക്ക് സമീപം ആയിരുന്നു കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അഗ്നി രക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ മുൻഭാഗം വെട്ടി പൊളിച്ച ശേഷമാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പ്രദേശവാസികളും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൗത്ത് ആഫ്രിക്കയിൽ വ്യവസായി ആയിരുന്ന ആളായിരുന്നു മരണപ്പെട്ട ജോസഫ് ഈപ്പൻ.
Discussion about this post