ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അടക്കമുള്ളവർ. ദിനംപ്രതി നിരവധി പേരാണ് ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി തമിഴ്നാട്ടിൽ ബിജെപിയിൽ ചേരുന്നത്. ബുധനാഴ്ച 15 മുൻ നിയമസഭാംഗങ്ങളും മുൻ എംപിയും ബിജെപിയിൽ ചേർന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ചലനമാണ് സൃഷ്ടിച്ചത്.
എഐഎഡിഎംകെയിൽ നിന്നുമുള്ള അംഗങ്ങളാണ് കൂടുതലായി ബിജെപിയിൽ ചേർന്നത് എന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് പാർട്ടി അംഗത്വം നൽകിയത്. പരമ്പരാഗതമായി ബിജെപി അത്ര ശക്തമല്ലാത്ത തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ പോലും ഇത്തരത്തിൽ നേതാക്കളുടെ കൂട്ടത്തോടെയുള്ള ബിജെപിയിലേക്കുള്ള വരവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് ലഭിക്കുന്ന ഫലമായാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ ഉറപ്പായും നേടുമെന്നും എൻഡിഎ മുന്നണിക്ക് ലോക്സഭയിൽ 400 സീറ്റുകൾ എങ്കിലും ഉണ്ടായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. തമിഴ്നാടും അതിൽ ഒരു ഭാഗമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാമതും അധികാരത്തിൽ എത്താൻ ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരാനാണ് തമിഴ്നാട് ബിജെപിയിലേക്ക് പുതിയ നേതാക്കളുടെ കടന്നുവരവെന്ന് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അഭിപ്രായപ്പെട്ടു.
Discussion about this post