തിരുവനന്തപുരം: കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കുമെതിരെ നടപടി. പരുത്തിപള്ളി റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിൽ ഇരുവരും പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
കഴിഞ്ഞ ദിവസമായിരുന്നു ഇവർ കൈക്കൂലിവാങ്ങിയ വിവരം പുറത്തുവന്നത്. ഇരുതലമുരി കടത്തിയ പ്രതികളെ ഒഴിവാക്കാനായി 1,45,000 രൂപയാണ് ഇവർ വാങ്ങിയത്. ഗൂഗിൾ പേ അക്കൗണ്ട് വഴിയായിരുന്നു പണം വാങ്ങിയത്. ഇരുവരും ചേർന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ വനം വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിൽ ഇവർ പണം കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.
ആരോപണം ഉയർന്നതിന് പിന്നാലെ സുധീഷിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ പിന്നീട് പരുത്തിപ്പള്ളിയിൽ തന്നെ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമർശനത്തിന് കാരണം ആയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.
Discussion about this post