തിരുവനന്തപുരം: വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം സുരേഷ് ഗോപിയ്ക്ക്. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സുരേഷ് ഗോപി പുരസ്കാരം ഏറ്റുവാങ്ങി. ഗവർണർക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. സുരേഷ് ഗോപിയുടെ സാമൂഹ്യപ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.മുൻവർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്ക് പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരം നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും സുരേഷ് ഗോപിയെ വേറിട്ടതാക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ജനങ്ങൾക്ക് നീതി വാങ്ങി നൽകുന്ന ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിൽ നിന്നും സുരേഷ് ഗോപി ഭാരത പുത്രനായി മാറി.
ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ് വേണ്ടത്. ഈ ശക്തി ഉണ്ടാകുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post