മാർച്ച് എട്ടിനാണ് ഈ വർഷത്തെ ശിവരാത്രി. ശിവന്റെ രാത്രിയെന്നും ശിവമായ രാത്രിയെന്നും ശിവരാത്രിക്ക് അർത്ഥമുണ്ട്. പാലാഴിമഥനം നടത്തുമ്പോൾ പുറത്ത് വന്ന കാളകൂട വിഷം ലോകനന്മയ്ക്കായി മഹാദേവൻ പാനം ചെയ്തു. ആ വിഷം ശിവന്റെ ഉള്ളിലെത്താതിരിക്കാൻ പാർവതി ദേവി ശിവന്റെ കണ്ഠത്തിൽ പിടിച്ച് ഉറങ്ങാതിരുന്ന് പ്രാർത്ഥിച്ച രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. പാർവതി ദേവി ഉറങ്ങാതിരുന്ന രാത്രി ഉറക്കം വെടിഞ്ഞ് ശിവനെ പ്രാർത്ഥിക്കുകയും വ്രതമെടുക്കുകയും ചെയ്താൽ ശിവ പ്രീതി ലഭിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നും ആണ് വിശ്വാസം.
എങ്ങനെയാണ് ശിവരാത്രി വ്രതമെടുക്കുന്നതെന്ന് നോക്കാം..
ശിവരാത്രി ദിവസത്തിന്റെ തലേന്ന് തന്നെ വീടും പരിസരവുമെല്ലാം ശുചിയാക്കണം. വ്രതമെടുക്കുന്നവർ തലേന്ന് ഒരിക്കൽ എടുക്കുന്നത് ഉത്തമമാണ്. ശിവരാത്രി ദിവസം രാവിലെ തന്നെ ഉറക്കമുണർന്ന് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്ര ദർശനം നടത്തണം.
ഉപവാസമായും ഒരിക്കലായും ശിവരാത്രി വ്രതമെടുക്കാം. ഉപവാസമെന്നാൽ ഒന്നും ഭക്ഷിക്കാതിരിക്കലാണ്. ഒരിക്കലിൽ ഒരു നേരം മാത്രം ലഘു ഭക്ഷണം കഴിക്കാം. സാധാരണ ഒരിക്കൽ എടുക്കുന്നവർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ള നിവേദ്യമാണ് കഴിക്കുക. എന്നാൽ, ഇത് വയർ നിറയും വരെ കഴിക്കരുതെന്നും പറയുന്നു.
ശിവരാത്രി വ്രതം നോൽക്കുന്നവർ ഉറങ്ങരുത്. രാത്രി മുഴുവൻ ഉറങ്ങാതെ ശിവഭജനം നടത്തണം. ശിവരാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന തീർത്ഥം കുടിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ.
Discussion about this post