ന്യൂഡൽഹി : കോൺഗ്രസിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കും ആദായനികുതി വകുപ്പിന്റെ കുടിശിക നോട്ടീസ് ലഭിച്ചു. സിപിഐ കുടിശ്ശികയായി അടക്കേണ്ടത് 11 കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പഴയ പാൻ കാർഡ് ഉപയോഗിച്ചതിനും സിപിഐക്കെതിരെ ആദായനികുതി വകുപ്പ് നടപടി എടുത്തിട്ടുണ്ട്.
പഴയ പാൻ കാർഡ് ഉപയോഗിച്ച് ആദായനികുതി റിട്ടേൺ സമർപ്പിച്ച് ക്രമക്കേട് കാണിച്ചതിനുള്ള പിഴയും പലിശയും ചേർത്താണ് സിപിഐ 11 കോടി രൂപ അടക്കേണ്ടത്. ആദായനികുതി വകുപ്പിൽ നിന്നുമുള്ള നോട്ടീസ് ലഭിച്ചതായും തങ്ങളുടെ അഭിഭാഷകരുമായി കൂടിയാലോചന നടത്തി തുടർനടപടികൾ സ്വീകരിക്കും എന്നും സിപിഐ അറിയിച്ചു.
നേരത്തെ കോൺഗ്രസിന് മുൻവർഷങ്ങളിൽ സമർപ്പിച്ച നികുതി റിട്ടേണുകളിലെ അപാകതകൾക്ക് കുടിശ്ശികയായി 1,823 കോടി രൂപയോളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ ആദായനികുതി വകുപ്പിലൂടെ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
Discussion about this post