ഭുവനേശ്വർ : ഒഡീഷയിൽ നവീൻ പട്നായിക് നയിക്കുന്ന ബിജെഡി സർക്കാർ കാലഹരണപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലുവരെ മാത്രമാണ് ഒഡീഷയിൽ സർക്കാരിന് കാലാവധി ഉള്ളത്. ഇനി ഒഡീഷയ്ക്ക് വേണ്ടത് ഭാഷയും സംസ്കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണ്. തെരഞ്ഞെടുപ്പിന് ശേഷം ഒഡീഷയിൽ ബിജെപി ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഒഡിയ സംസ്കാരത്തിലും പാരമ്പര്യത്തിലും ജീവിക്കുകയും അവ മനസ്സിലാക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഒഡീഷയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കാനാകും. നിലവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള പല പദ്ധതികളും ഒഡീഷനിൽ നടപ്പിലാക്കാൻ ബിജെഡി സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒഡീഷയുടെ മുഖച്ഛായ തന്നെ മാറും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഒഡീഷയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. “നിങ്ങൾ കോൺഗ്രസിന് 50 വർഷവും ബിജെഡിക്ക് 25 വർഷവും നൽകി. ബിജെപിക്ക് അഞ്ച് വർഷം നൽകുക. ഒഡീഷയെ ഞങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റും” എന്നും മോദി വ്യക്തമാക്കി. ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരേസമയമാണ് നടക്കുന്നത്. 21 ലോക്സഭാ സീറ്റുകളിലേക്കും 147 നിയമസഭാ സീറ്റുകളിലേക്കും ആണ് ഒഡീഷയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post