ന്യൂഡൽഹി : ഇന്ത്യയിലെ പ്രധാന ഭക്ഷണ വിഭവങ്ങളിൽ ഒന്നായ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. നിലവിൽ 45 മുതൽ 50 രൂപ വരെയാണ് മാർക്കറ്റുകളിൽ ഉരുളക്കിഴങ്ങ് വില. 25 മുതൽ 30 രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വൻ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. വരും മാസങ്ങളിലും ഉരുളക്കിഴങ്ങിന്റെ വില കൂടുതൽ വർദ്ധിക്കാൻ ആണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ഡിസംബർ വരെയാണ് ഉരുളക്കിഴങ്ങിന് വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയുള്ളത്.
ഉരുളക്കിഴങ്ങ് കൂടുതലായി കൃഷി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും കൃഷിനാശവുമാണ് ഉരുളക്കിഴങ്ങിന്റെ ലഭ്യത കുറയ്ക്കാനും വില വർദ്ധിക്കാനും കാരണമായിട്ടുള്ളത്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷത്തെ സീസണിൽ മോശം കാലാവസ്ഥ മൂലം ഉരുളക്കിഴങ്ങ് ഉൽപാദനത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇനി ഡിസംബറോടെയാണ് അടുത്തഘട്ടം ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടക്കുക. അതുവരെയും ഉരുളക്കിഴങ്ങ് വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഉത്തരേന്ത്യൻ വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ പകുതി വരെയുള്ള കാലഘട്ടത്തിൽ ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടക്കാറുള്ളത്. രാജ്യത്തെ മൊത്തം ഉരുളക്കിഴങ്ങ് ഉൽപാദനത്തിന്റെ 80 ശതമാനവും ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുമാണ് ഉള്ളത്.
ഉത്തർപ്രദേശിൽ ശൈത്യകാലം കൂടുതൽ നീണ്ടു നിന്നതാണ് ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചത്. ദീർഘകാലം നീണ്ടുനിന്ന മൂടൽമഞ്ഞും സൂര്യപ്രകാശത്തിന്റെ അഭാവവും ഉൽപാദനത്തെ കാര്യമായി തന്നെ ബാധിച്ചു. സാധാരണ ലഭിക്കുമായിരുന്ന വിളവിനേക്കാൾ ഏക്കറിൽ നിന്നും 40 ക്വിന്റൽ വരെ കുറവ് വിളവ് മാത്രമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. പശ്ചിമബംഗാളിൽ കാലം തെറ്റി ഉണ്ടായ മഴയാണ് ഉരുളക്കിഴങ്ങ് ഉൽപാദനത്തെ ബാധിച്ചത്.
Discussion about this post