നിങ്ങൾ ചെറുപ്പക്കാരനാണോ കായികക്ഷമതയും അസാധാരണമായ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളവരാണെങ്കിൽ ദയവായി ഞങ്ങളുടെ വെബ്സൈറ്റിൽ അപേക്ഷിക്കുക… കഴിഞ്ഞ ദിവസം ഹ്യൂമൻ മൈക്രോബ്സ് എന്ന കമ്പനി ഇറക്കിയ പ്രമോഷൻ വീഡിയോയിലെ വാക്കുകളാണിവ. കമ്പനി പറയുന്ന യോഗ്യതകളുള്ള പുരുഷൻമാർ വെബ്സൈറ്റിലൂടെ അപേക്ഷിച്ചാൽ ആ ആളുടെ മലവിസർജ്യത്തിന് 500 യുഎസ് ഡോളർ വരെ ലഭിച്ചേക്കും എന്നാണ് വാഗ്ദാനം. അതായത് 41,000 ഇന്ത്യൻ രൂപ. ദിവസവും കമ്പനിയ്ക്ക് മലവിസർജ്യം നൽകുകയാണെങ്കിൽ വർഷത്തിൽ ഒരു കോടി 40 ലക്ഷം രൂപ സമ്പാദിക്കാം.
കേൾക്കുമ്പോൾ അറപ്പ് തോന്നുമെങ്കിലും ഇത് ഒരാളുടെ ജീവൻ രക്ഷിക്കാനാണെന്ന അവകാശവാദം കേട്ടാൽ അറപ്പ് കൗതുകത്തിലേക്ക് മാറുന്നത് സ്വാഭാവികം. കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ എങ്ങനെ
ഒരു ‘വിസർജ്യ ദാതാവ്’ ആകുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക മാത്രമല്ല, അവർക്ക് എങ്ങനെ നമ്മുടെ മലമൂത്രവിസർജനം വേണമെന്നും അത് എങ്ങനെ ഒരാളുടെ ജീവൻ രക്ഷിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നിന്ന് സംസ്കരിച്ച മലം കുത്തിവയ്ക്കുന്നത് വിവിധ കുടൽ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കുമെന്നും അവരുടെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ പോലും സുഖപ്പെടുത്തുമെന്നും ഹ്യൂമൻ മൈക്രോബ്സ് ടീം വിശ്വസിക്കുന്നു.
2020ൽ മിച്ചൽ ഹാറോപ്പിന്റെ നേതൃത്വത്തിലാണ് കമ്പനി സ്ഥാപിച്ചത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ യുവാക്കളിൽ നിന്നുമാണ് ഇവർ കൂടുതലായും ഹ്യൂമൺ വേയ്സ്റ്റ് സ്വീകരിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഹ്യൂമൺ വേയ്സ്റ്റ് സ്വീകരിക്കാനും കമ്പനി തയ്യാറാണ്. നിങ്ങൾക്കൊരു ദാതാവാകാൻ താൽപര്യമുണ്ടെങ്കിൽ ഹ്യൂമൺ വേയ്സ്റ്റ് ഡ്രൈ ഐസിൽ കവർ ചെയ്ത് കയറ്റി അയയ്ക്കാവുന്നതാണ്. നിങ്ങൾ അയയ്ക്കുന്ന മലത്തിന്റെ ക്വാളിറ്റി പരിശോധനയ്ക്ക് ശേഷം മാത്രമാണ് തുടർ ചികിത്സയ്ക്കായി ഉപയോഗിക്കുകയുള്ളൂ. ഒട്ടേറെ പേരിൽ ഈ ചികിത്സ ഫലം കണ്ടെന്നാണ് കമ്പനി വെബ്സൈറ്റിലൂടെ അവകാശപ്പെടുന്നത്.
Discussion about this post