ന്യൂഡൽഹി: 18ാമത് ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംപി ഭർതൃഹരി മഹ്താബ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ആയിരുന്നു സത്യപ്രതിജ്ഞ. 18ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു സത്യപ്രതിജ്ഞ.
പരിപാടിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. അൽപ്പ നേരത്തിനുള്ളിൽ ലോക്സഭയിൽ സഭാനടപടികൾ ആരംഭിക്കും. അടുത്ത മാസം മൂന്നാം തിയതിവരെയാണ് സമ്മേളനം.
പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കും പ്രതിഷേധത്തിനും ഇടെയാണ് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകുന്നത്. ഭർതൃഹരിയെ പ്രൊട്ടെം സ്പീക്കർ ആക്കിയതാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രൊട്ടെം സ്പീക്കർ ആക്കണം എന്നാണ് ഇവരുടെ ആവശ്യം.
Discussion about this post